കൊച്ചി: എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക്ദിന വാരാഘോഷ പരിപാടികള്‍ സമാപിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത കൂട്ടയോട്ടത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്.
മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍ ഒളിമ്പിക് പതാക ഉയര്‍ത്തി. കളക്ടര്‍ ജി. പ്രിയങ്ക ഒളിമ്പിക് റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മറൈന്‍ഡ്രൈവ് വാക്ക്വേയില്, വാട്ടര്‍ മെട്രോ സ്റ്റേഷന് സമീപം സമാപിച്ചു.
സമാപന സമ്മേളന കെഎംആര്‍എല്‍ എംഡി ലോകനാഥ് ബഹ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.